രാജ്യത്ത് വിൽക്കുന്ന എനർജി ഡ്രിങ്കുകളുടെ ബ്രാൻഡിംഗിനും പരസ്യ അവകാശവാദങ്ങൾക്കും നിയന്ത്രണം ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റെഡ് ബുൾ, പെപ്സികോയുടെ അഡ്രെനാലിൻ റഷ്, സ്റ്റിംഗ്, മോൺസ്റ്റർ, ഹെൽ, കാംപ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നോട്ടീസ് നൽകി.

‘എനർജി ഡ്രിങ്ക്’ എന്ന പേരിൽ ഇന്ത്യയിൽ ഔദ്യോഗികമായി അംഗീകരിച്ച പ്രത്യേക ഭക്ഷ്യവിഭാഗം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതിനാൽ, ഉൽപ്പന്നങ്ങളെ ‘എനർജി ഡ്രിങ്ക്’ എന്ന പേരിൽ വിപണനം ചെയ്യുകയോ ഔദ്യോഗിക വിഭാഗമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ അവകാശപ്പെടുകയോ ചെയ്യാനാവില്ലെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി.

തെറ്റായ ബ്രാൻഡിംഗും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ അവകാശവാദങ്ങളുമാണ് നോട്ടീസിന് കാരണമായതെന്നും അധികൃതർ അറിയിച്ചു.

കമ്പനികളിൽ നിന്ന് വിശദീകരണം ലഭിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. ഉപഭോക്തൃ സംരക്ഷണവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും കൂടുതൽ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Related Posts