തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി. തിരുനാവക്കരസ്, ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് അടുത്ത അനുയായികൾ എന്നിവരാണ് പിടിയിലായത്. കൃഷ്ണഗിരിയിലെ ടി.വി.കെ (തമിഴക വെട്രി കഴകം) എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ട്രിപ്ലിക്കേൻ പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ടി.വി.കെ എം.എൽ.എമാരെ പാർട്ടിയിൽ നിന്ന് രാജിവെപ്പിക്കാൻ 35 കോടി രൂപ വരെ കോഴ വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതിയിലെ ആരോപണം.
ആകെ 15 ടി.വി.കെ എം.എൽ.എമാരെയാണ് പ്രതികൾ ലക്ഷ്യമിട്ടതെന്നും, ഇതിൽ 12 പേരെ വിവിധ ഘട്ടങ്ങളിൽ സമീപിച്ചിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. എന്നാൽ കൃഷ്ണഗിരി എം.എൽ.എ മാത്രമാണ് വിവരം പാർട്ടി നേതൃത്വത്തെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തത്.
സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമായാണ് എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിച്ചതെന്നും അന്വേഷണത്തിൽ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
സംഭവത്തിന് പിന്നിൽ ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയും സഹോദരൻ അശോക് കുമാറുമാണെന്നാണ് പൊലീസ് വാർത്താക്കുറിപ്പിൽ പരാമർശിക്കുന്നത്. അതേസമയം, കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും ചെന്നൈ പൊലീസ് അറിയിച്ചു.