അവധിക്കുശേഷം സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്‌സ് സൗദി പൊലീസിൻ്റെ കസ്റ്റഡിയിലാണെന്ന് സൂചന. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി–ശെൽവി ദമ്പതികളുടെ മകൾ ഫിലോമിനയാണ് കസ്റ്റഡിയിലുള്ളതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. സൗദിയിൽ നിരോധിച്ചിട്ടുള്ള മരുന്നുകൾ ലഗേജിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഫിലോമിനയെ കസ്റ്റഡിയിലെടുത്തതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ മൂന്നുവർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ഇവർ.

വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്താം തീയതി ബെംഗളൂരുവിൽനിന്നുള്ള വിമാനത്തിലാണ് ഫിലോമിന സൗദിയിലേക്ക് മടങ്ങിയത്. ജിദ്ദയിൽ ഇറങ്ങിയശേഷം കണക്ഷൻ വിമാനത്തിൽ റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി.

ജിദ്ദ വിമാനത്താവളത്തിലെത്തിയ ഫിലോമിന രാത്രി 8.30ഓടെ പിതാവ് രവിക്കും ഭർത്താവ് ജോണിക്കും ശബ്ദസന്ദേശം അയച്ചിരുന്നു. വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ കൈമാറാൻ ആവശ്യപ്പെടുന്നുണ്ടെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

ഇതിനുശേഷം ഫിലോമിനയുമായി ബന്ധപ്പെടാൻ കുടുംബത്തിന് സാധിച്ചില്ല. തുടർന്ന് ആശങ്കയിലായ ബന്ധുക്കളും സാമൂഹികപ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് ഇവർ പൊലീസ് കസ്റ്റഡിയിലാണെന്ന വിവരം ലഭിച്ചത്.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഫിലോമിനയ്‌ക്കെതിരായ ആരോപണങ്ങളുടെ വിശദാംശങ്ങളോ കേസിന്റെ നിലവിലെ സ്ഥിതിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Related Posts