ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ കേപ് വെർഡെയെ 3-2ന് കീഴടക്കി അർജന്റീന പ്രീക്വാർട്ടറിലേക്ക് മുന്നേറി. അവസാന വിസിൽ മുഴങ്ങുംവരെ ആവേശം നിറഞ്ഞ മത്സരത്തിൽ കേപ് വെർഡെ ശക്തമായ വെല്ലുവിളി ഉയർത്തിയെങ്കിലും, അർജന്റീന നിർണായക ഘട്ടങ്ങളിൽ മികവ് കാട്ടി വിജയം ഉറപ്പിക്കുകയായിരുന്നു.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെ കേപ് വെർദെ ഒപ്പമെത്തിച്ചു. പിന്നീട് ഗോൾ നേടാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്. എക്സ്ട്രാ ടൈമിലെ രണ്ടാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 13 മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കേപ് വെർദെയെ സുന്ദരമായ ഗോളിലൂടെ ഒപ്പമെത്തിച്ചു. 111ആം മിനുട്ടിൽ ഡെനി നേടിയ വിജയഗോൾ അർജന്റീനയെ പ്രീക്വാർട്ടറിലേക്കുള്ള പ്രവേശനമുറപ്പിച്ചു.
ആദ്യമായാണ് ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെത്തിയ കേപ് വെർഡെ, കരുത്തരായ അർജന്റീനയ്ക്കെതിരെ അവസാന നിമിഷം വരെ പൊരുതി മികച്ച പ്രകടനം പുറത്തെടുത്തു. എങ്കിലും പരിചയസമ്പന്നരായ അർജന്റീനൻ താരങ്ങളുടെ മികവിന് മുന്നിൽ അവർക്ക് കീഴടങ്ങേണ്ടിവന്നു.
ഈ വിജയത്തോടെ അർജന്റീന പ്രീക്വാർട്ടറിൽ ഈജിപ്തിനെ നേരിടും. ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഈജിപ്ത് അവസാന 16-ലേക്ക് കടന്നത്. അതിനാൽ അർജന്റീന–ഈജിപ്ത് പോരാട്ടം ലോകകപ്പിലെ ശ്രദ്ധേയ മത്സരങ്ങളിലൊന്നാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.