കേരളത്തിൽ മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി സംബന്ധിച്ച നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 23 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ മദ്യം ലഭിക്കൂ എന്ന നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനായി കര്‍ണാടകയിലെ ‘നോ ഐഡി, നോ എൻട്രി’ മാതൃക സ്വീകരിക്കാനാണ് നീക്കം. പ്രായത്തില്‍ സംശയം തോന്നുന്ന ഉപഭോക്താക്കളില്‍നിന്ന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും ആവശ്യപ്പെടുന്ന രീതിയിലാകും പുതിയ സംവിധാനം. തിരിച്ചറിയല്‍ രേഖ ഹാജരാക്കാത്തവര്‍ക്ക് മദ്യം വില്‍ക്കില്ലെന്ന നിബന്ധനയും പരിഗണനയിലുണ്ട്.
വീര്യം കുറഞ്ഞ മദ്യങ്ങളുടെ വില്‍പ്പന യുവാക്കളെ ലക്ഷ്യമിടുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാനുള്ള നടപടികള്‍ വേഗത്തിലായത്. ഇതുസംബന്ധിച്ച ഫയലില്‍ എക്സൈസ് മന്ത്രി നടപടികള്‍ പൂര്‍ത്തിയാക്കിയതായും ഇപ്പോള്‍ മുഖ്യമന്ത്രി പരിഗണിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
കേരളത്തില്‍ മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി ആദ്യം 18 വയസായിരുന്നു. പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിൻ്റെ കാലത്ത് അത് 21 വയസായും, ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് 23 വയസായും ഉയര്‍ത്തി. എന്നാല്‍ നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ പരിശോധനാ സംവിധാനം കൊണ്ടുവരാനുള്ള ആലോചന.