കർണാടകയിലെ ബെംഗളൂരു ദക്ഷിണ താലൂക്കിൽ പ്രവർത്തിച്ചിരുന്ന ക്വാറിയിൽ ഉണ്ടായ അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു. മാദാപട്ടണത്തിന് സമീപത്തെ ‘കാവേരി ക്രഷർ’ ക്വാറിയിലാണ് ഇന്ന് രാവിലെ ദാരുണ സംഭവം നടന്നത്. ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറകൾ നീക്കം ചെയ്യുന്നതിനിടെ കൂറ്റൻ പാറക്കല്ലുകളും മണ്ണും താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു.

മരിച്ചവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.

ദുരന്തവിവരമറിഞ്ഞ് താവരെക്കരെ പോലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്വാറിയിൽ അടിഞ്ഞുകിടക്കുന്ന കൂറ്റൻ പാറക്കല്ലുകളും മണ്ണും യന്ത്രസഹായത്തോടെ നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്.

അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Related Posts