കണ്ണൂരിൽ ബോർഡിൽ എഴുതിയത് പകർത്തിയെഴുതാൻ വൈകിയെന്ന കാരണത്താൽ രണ്ടാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. പട്ടാന്നൂർ യു.പി. സ്കൂളിലെ അധ്യാപകൻ വിപിനെതിരെയാണ് മട്ടന്നൂർ പൊലീസ് നടപടി സ്വീകരിച്ചത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവം ജൂൺ 16നാണ് നടന്നത്. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി അധ്യാപകൻ മർദ്ദിച്ചതായി മാതാപിതാക്കളോട് പറഞ്ഞിരുന്നെങ്കിലും ആദ്യം അവർ അത് ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ പിന്നീട് കുട്ടിക്ക് കടുത്ത പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോക്ടർമാരുടെ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ ചതവുകളും നീർക്കെട്ടും കണ്ടെത്തി. ചെവിയിലും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇതോടെ മാതാപിതാക്കൾ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ മൊഴിയും മാതാപിതാക്കളുടെ പരാതിയും അടിസ്ഥാനമാക്കിയാണ് മട്ടന്നൂർ പൊലീസ് അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ക്ലാസ് മുറിയിൽ ബോർഡിൽ എഴുതിയ പാഠഭാഗം പകർത്തിയെഴുതാൻ വൈകിയതിനെ തുടർന്നാണ് അധ്യാപകൻ കുട്ടിയെ മർദ്ദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.