കോർപ്പറേഷൻ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫിൻ്റെ നീക്കം അവസാന നിമിഷം പാളി. പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കിയതോടെ യുഡിഎഫ് അവിശ്വാസ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇന്നത്തെ കൗൺസിൽ യോഗത്തിന് മുന്നോടിയായാണ് നാടകീയ രാഷ്ട്രീയ സംഭവവികാസങ്ങൾ അരങ്ങേറിയത്.

പ്രതിപക്ഷ നേതാവ് കെ.എസ്. ശബരിനാഥിൻ്റെ നേതൃത്വത്തിലായിരുന്നു അവിശ്വാസ പ്രമേയത്തിനുള്ള നീക്കങ്ങൾ നടന്നത്. എന്നാൽ പ്രതിപക്ഷത്തിനുള്ളിൽ തന്നെ ഐക്യമില്ലാതിരുന്നതോടെ നീക്കം തുടക്കത്തിലേ തടസ്സപ്പെട്ടു. ബിജെപിയുമായി സിപിഎം രഹസ്യ ധാരണയിലെത്തിയതിൻ്റെ ഭാഗമായാണ് എൽഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാതിരുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

അവിശ്വാസ പ്രമേയം ഉപേക്ഷിച്ചെങ്കിലും കാപ്പ കേസിൽ പ്രതിയായ കൗൺസിലർ സുഗതൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫിൻ്റെ തീരുമാനം. കൗൺസിലിനകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും മേയർ വി.വി. രാജേഷിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും നേതൃത്വം അറിയിച്ചു.

ഇതിനിടെ, കോർപ്പറേഷനിലേക്ക് ഇന്ന് മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സുഗതൻ്റെ രാജി ആവശ്യപ്പെട്ട് ഭരണസമിതിക്കെതിരായ റിലേ സത്യഗ്രഹം കൂടുതൽ ശക്തമാക്കാനാണ് സിപിഎമ്മിൻ്റെ തീരുമാനവും.

Related Posts