ഗവിയിലേക്കുള്ള കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ അനുവദനീയ ശേഷിയുടെ മൂന്നിരട്ടിയോളം യാത്രക്കാരെ കയറ്റുന്നതായി പരാതി. കുത്തനെയുള്ള വളവുകളും വനമേഖലയിലൂടെയുള്ള അപകടസാധ്യതയേറിയ റോഡുമുള്ള ഈ റൂട്ടിൽ അമിതയാത്രക്കാരുമായി സർവീസ് നടത്തുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് സ്ഥിരം യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

മഴക്കാലമായതിനാൽ റോഡിൻ്റെ അവസ്ഥയും മോശമായിരിക്കുകയാണ്. പല ഭാഗങ്ങളിലും മൊബൈൽ ഫോൺ ശൃംഖല ലഭ്യമല്ലാത്തതിനാൽ അടിയന്തര സാഹചര്യം ഉണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

സമീപകാലത്ത് സ്ത്രീ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പല ദിവസങ്ങളിലും നൂറിലധികം പേരുമായാണ് ബസ് സർവീസ് നടത്തുന്നതെന്നാണ് പരാതി. ബസിൽ നിൽക്കാൻ പോലും സ്ഥലമില്ലാത്ത സാഹചര്യമാണുള്ളതെന്നും യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

നിലവിൽ പത്തനംതിട്ടയിൽ നിന്ന് ദിവസേന രണ്ട് സർവീസുകളാണ് ഗവിയിലേക്ക് നടത്തുന്നത്. പുലർച്ചെ 5.30നും തുടർന്ന് 6.30നും ബസ് സർവീസ് ഉണ്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Related Posts