മൈസൂരു–ബെംഗളൂരു ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ കർണാടക ആർടിസി ജീവനക്കാരൻ വൻ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പഞ്ചറായ ബസിൻ്റെ ടയർ മാറ്റുന്നതിനിടെയായിരുന്നു അപകടസാഹചര്യം ഉണ്ടായത്.
ടയർ മാറ്റുന്നതിനിടെ തൻ്റെ നേർക്കെത്തിയ ലോറിയെ കണ്ട് ഭയന്ന് മറുവശത്തേക്ക് ഓടിയ ജീവനക്കാരൻ പിന്നാലെ വന്ന കെഎസ്ആർടിസി ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. അപകടം മനസിലാക്കിയ കെഎസ്ആർടിസി ഡ്രൈവർ നിമിഷനേരംകൊണ്ട് ബസ് ഡിവൈഡറിലേക്ക് വെട്ടിച്ചുമാറ്റി നിയന്ത്രിച്ചതോടെയാണ് വലിയ ദുരന്തം ഒഴിവായത്.
കോഴിക്കോട് സ്വദേശിയായ നസീഫാണ് കെഎസ്ആർടിസി ബസ് ഓടിച്ചിരുന്നത്. യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് ഡിവൈഡറിലിടിച്ച് നിന്നെങ്കിലും ആർക്കും ഗുരുതര പരിക്കില്ല. നസീഫിൻ്റെ ജാഗ്രതയും മനസാന്നിധ്യവുമാണ് ഒരു ജീവൻ രക്ഷിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടം ഒഴിവാക്കിയ കെഎസ്ആർടിസി ഡ്രൈവർ നസീഫിനെ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയത്.