നെല്ലിച്ചോട് ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ ജിസ്മി തെരേസ് ജോഷി (30) അറസ്റ്റിലായി. ഡീനസ് ഡേവിസിൻ്റെ ഭാര്യയായ ജിസ്മിയെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേസിലെ ഒന്നാംപ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിൾ നേരത്തെ അറസ്റ്റിലായിരുന്നു. ജിസ്മിയും സിറിളും ഒരുമിച്ച് ജീവിക്കാൻ ഡീനസിനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
കഴിഞ്ഞ മേയ് 8-ന് രാത്രി ജിമ്മിന് സമീപം പതിയിരുന്ന സിറിൾ, വ്യായാമം കഴിഞ്ഞ് പുറത്തിറങ്ങിയ ഡീനസിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഡീനസിന് ഗുരുതര പരിക്കേറ്റിരുന്നു.