തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിയൊരുങ്ങുമെന്ന സൂചനകൾക്കിടെ എംഡിഎംകെയുടെ നിർണായക ഉന്നതതല നേതൃയോഗം ചെന്നൈയിൽ ആരംഭിച്ചു. ജനറൽ സെക്രട്ടറി വൈക്കോയുടെ അധ്യക്ഷതയിൽ നടക്കുന്ന ദ്വിദിന യോഗത്തിൽ ഡിഎംകെ സഖ്യത്തിൽ തുടരണോ എന്ന വിഷയമാണ് പ്രധാന ചർച്ച. ജൂൺ 27-ന് ചേരുന്ന ജനറൽ കൗൺസിൽ യോഗത്തിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
യോഗത്തിൽ ഡിഎംകെ നേതൃത്വത്തിനെതിരെ വൈക്കോ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. മറ്റ് ചെറിയ പാർട്ടികൾക്ക് കൂടുതൽ സീറ്റുകളും രാജ്യസഭാ അംഗത്വവും നൽകിയപ്പോൾ എംഡിഎംകെയെ അവഗണിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ പോലും അവസരം നിഷേധിച്ച് ഡിഎംകെയുടെ ‘ഉദയസൂര്യൻ’ ചിഹ്നത്തിൽ മത്സരിപ്പിച്ചതും പാർട്ടിയുടെ വ്യക്തിത്വത്തെ ബാധിച്ചുവെന്നും വൈക്കോ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം വലിയ മാറ്റത്തിന് വിധേയമായിരിക്കുകയാണ്. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം അധികാരത്തിലെത്തിയതോടെ ഡിഎംകെ സഖ്യത്തിൽ നിന്ന് കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിസികെ, മുസ്ലിം ലീഗ് ഉൾപ്പെടെ നിരവധി കക്ഷികൾ ഇതിനകം പിന്മാറിയിട്ടുണ്ട്. അടുത്തിടെ മുഖ്യമന്ത്രി വിജയുമായി വൈക്കോ നടത്തിയ കൂടിക്കാഴ്ചയും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരുന്നു. ഇതോടെ എംഡിഎംകെയും ഡിഎംകെ സഖ്യം വിട്ട് ടിവികെ മുന്നണിയിലേക്ക് ചേരുമോ എന്ന ആകാംക്ഷ ശക്തമായിരിക്കുകയാണ്.