തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിൻ്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി കാസര്‍ഗോഡ് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ.പി.ഡി) സംരംഭത്തിൻ്റെ ബോധവത്കരണവുമായി മുതുകാടും സംഘവും എം ക്യൂബ് പരിപാടിയുമായെത്തുന്നു. ജൂലൈ 12 ഞായറാഴ്ച വൈകിട്ട് 6.30ന് ഇന്ദിരാ നഗര്‍, ഇ.സി.എ ആഡിറ്റോറിയത്തിലാണ് പരിപാടി. മാജിക്കും മ്യൂസിക്കും മോട്ടിവേഷനും ഇഴകലര്‍ന്ന ഈ പരിപാടി ഐ.ഐ.പി.ഡി സംരംഭത്തിൻ്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്.

ബാംഗ്ലൂര്‍ കേരള സമാജം, വിവിധ മലയാളി അസോസിയേഷനുകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അരങ്ങേറുന്ന പരിപാടിയില്‍ മുതുകാടിനോടൊപ്പം പിന്നണിഗായകരായ ആര്‍.രവിശങ്കര്‍, ചിത്ര അരുണ്‍, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവരും വിസ്മയ പ്രകടനങ്ങള്‍ അവതരിപ്പിക്കും.

ഭിന്നശേഷി വിഭാഗത്തിനായി കാസര്‍ഗോഡ് ഒരുക്കുന്ന ഐ.ഐ.പി.ഡി പദ്ധതിയുടെ നിര്‍മാണത്തിന് 120കോടിയില്‍പ്പരം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങള്‍, അത്യാധുനിക തെറാപ്പി സൗകര്യങ്ങള്‍, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ട്രയിനിംഗ് സെന്ററുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടാവുക. ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങള്‍ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാകുന്നത്. ഈ സംരംഭത്തിൻ്റെ ധനശേഖരണാര്‍ത്ഥം വിവിധ രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചുവരികയാണ്.

തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിൻ്റെ മാതൃകയെ ആസ്പദമാക്കി വിപുലീകരിച്ച സംവിധാനങ്ങളാണ് കാഞ്ഞങ്ങാട് മടിക്കൈയില്‍ 30 ഏക്കര്‍ സ്ഥലത്ത് ഒരുങ്ങുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം സംസ്ഥാനത്തെയും ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനമായി ഐ.ഐ.പി.ഡി മാറും.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്ന് കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം, ജനറൽ സെക്രട്ടറി റജികുമാർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 90363 39194, 87926 87607

Related Posts