ബെംഗളൂരു നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വൻ പ്രോത്സാഹനമായി 654 റോഡുകളുടെ നവീകരണത്തിനും വികസനത്തിനുമായി 2000 കോടി രൂപ അനുവദിച്ച് നഗരവികസന വകുപ്പ്. നഗരത്തിലെ 28 നിയമസഭാ മണ്ഡലങ്ങളിലായി റോഡുകൾ, നടപ്പാതകൾ, ഓടകൾ എന്നിവയുടെ നവീകരണത്തിനാണ് തുക വിനിയോഗിക്കുക.
സർക്കാരിൻ്റെ ക്ഷേമപദ്ധതികൾക്കായി കൂടുതൽ ധനം മാറ്റിവെക്കുന്നതു മൂലം വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നതായി ഭരണകക്ഷി എംഎൽഎമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെതുടർന്നാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അധികാരമേറ്റതിന് പിന്നാലെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തത്.
യോഗത്തിൽ നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കാനും റോഡ്, ഡ്രെയിനേജ്, നടപ്പാത നവീകരണ പദ്ധതികൾക്ക് മുൻഗണന നൽകാനും തീരുമാനിച്ചതായാണ് സൂചന. പദ്ധതിയുടെ ഭാഗമായി നഗര ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ജനങ്ങളുടെ യാത്രാ ദുരിതം കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യം.