എഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിക്കുന്നത് വാഹന ഇൻഷുറൻസിനെ ബാധിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. ഇ20 പെട്രോൾ ഉൾപ്പെടെയുള്ള എഥനോൾ മിശ്രിത ഇന്ധനങ്ങൾ സുരക്ഷിതമാണെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.

എഥനോൾ കലർന്ന ഇന്ധനം ഉപയോഗിച്ചതിൻ്റെ പേരിൽ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടുമെന്ന പ്രചാരണം ബന്ധപ്പെട്ട ഏജൻസികളുമായി പരിശോധിച്ചപ്പോൾ തെറ്റാണെന്ന് വ്യക്തമായതായി മന്ത്രാലയം അറിയിച്ചു. ലോകത്തിൻ്റെ പല രാജ്യങ്ങളിലും വർഷങ്ങളായി എഥനോൾ മിശ്രിത ഇന്ധനങ്ങൾ വിജയകരമായി ഉപയോഗിച്ചുവരുന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടി.

യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ എഥനോൾ മിശ്രിത ഇന്ധന ഉപയോഗം വ്യാപകമാണ്. ബ്രസീലിൽ ഇ27 മിശ്രിതമാണ് സാധാരണ പെട്രോളായി ഉപയോഗിക്കുന്നത്.

എഥനോൾ മിശ്രിത പദ്ധതി രാജ്യത്തിൻ്റെ ഇന്ധന ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതുവഴി അസംസ്കൃത എണ്ണ ഇറക്കുമതിക്കായി ചെലവഴിക്കേണ്ടിവരുന്ന വൻതോതിലുള്ള വിദേശനാണ്യം ലാഭിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളും ഉപോൽപന്നങ്ങളും എഥനോൾ നിർമ്മാണത്തിനായി ഉപയോഗിക്കുന്നതിലൂടെ കർഷകർക്ക് അധിക വരുമാനവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവും ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഊർജ സുരക്ഷ ശക്തിപ്പെടുത്തുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക, ഹരിത ഇന്ധനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ എഥനോൾ മിശ്രിത പദ്ധതി പ്രധാന പങ്ക് വഹിക്കുന്നതായും കേന്ദ്ര സർക്കാർ ആവർത്തിച്ചു.

Related Posts