സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം തടയുന്നതിനും ലഹരിക്കടത്ത് ശൃംഖലകളെ ശക്തമായി നേരിടുന്നതിനുമായി നടപ്പാക്കുന്ന ‘ഓപ്പറേഷന് തൂഫാന്’ കൂടുതല്‍ വ്യാപിപ്പിക്കാന്‍ കേരളം അയല്‍ സംസ്ഥാനങ്ങളുടെ സഹകരണം തേടി. ഇതിൻ്റെ ഭാഗമായി കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചു.
ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിച്ച് അനധികൃത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മയക്കുമരുന്ന് മാഫിയകള്‍ സംസ്ഥാന അതിര്‍ത്തികള്‍ കടന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അവരെ ഫലപ്രദമായി തടയാന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനം നിര്‍ണായകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവ തമ്മിലുള്ള അതിര്‍ത്തി പ്രദേശങ്ങള്‍, പ്രധാന ഗതാഗത ഇടനാഴികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിദ്യാര്‍ഥി സമൂഹം കേന്ദ്രീകരിച്ച മേഖലകള്‍, നഗര വിതരണ ശൃംഖലകള്‍ എന്നിവ മയക്കുമരുന്ന് കടത്തുകാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള മേഖലകളാണെന്നും കത്തില്‍ പറയുന്നു.
അന്തര്‍സംസ്ഥാന-അന്തര്‍ദേശീയ മയക്കുമരുന്ന് കടത്ത് ശൃംഖലകളുമായി ബന്ധപ്പെട്ട നിരവധി പ്രതികളെ കേരള പൊലീസ് പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത്തരം സംഘങ്ങളെ പൂര്‍ണമായും തകര്‍ക്കാന്‍ തത്സമയ വിവര കൈമാറ്റം, സംയുക്ത പരിശോധനകള്‍, ഏകോപിത നടപടികള്‍ എന്നിവ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനായി നാല് സംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിച്ചുചേര്‍ത്ത് മയക്കുമരുന്ന് കടത്തിനെതിരെ ഏകീകൃത പ്രവര്‍ത്തനപദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ഥിച്ചു.