ബെംഗളൂരു കേന്ദ്രമായി മൂവായിരത്തി ഇരുന്നൂറിലധികം കുടുംബങ്ങളുടെ കൂട്ടായ്മയായി പ്രവർത്തിക്കുന്ന ‘സമന്വയ എഡുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്’ നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതിയായി 50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ബഡ്ജറ്റ് പ്രഖ്യാപിച്ചു. പ്രാദേശിക അടിസ്ഥാനത്തിൽ സമന്വയയുടെ അടിസ്ഥാന ഘടകങ്ങളായി പ്രവർത്തിക്കുന്ന സ്ഥാനീയ സമിതികളാണ് സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തികച്ചും സുതാര്യമായ നടപടിക്രമത്തിലൂടെ കണ്ടെത്തുക. അക്കാദമിക തലത്തിൽ മികച്ച മാർക്ക് നേടിയവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ കുട്ടികളിൽ നിന്നാണ് അർഹരായവരെ കണ്ടെത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 23 ലലക്ഷം രൂപയായിരുന്നു വിതരണം ചെയ്തത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഓരോ ലക്ഷം രൂപയുടെ സമന്വയ സേവാപുരസ്കാരങ്ങളും ട്രസ്റ്റ് രണ്ടു സ്കൂളുകൾക്കായി സമർപ്പിച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്കായുള്ള സമന്വയ സഹായ ഹസ്തം പദ്ധതി മുഖേന 16 പേർക്കായി 3.50 ലക്ഷം രൂപയുടെ സഹായമെത്തിക്കാനും കഴിഞ്ഞ സാമ്പത്തികവർഷം സമന്വയക്കു സാധിച്ചു.
നടപ്പു വർഷത്തെ സ്കോളർഷിപ് വിതരണത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 26 ഞായറാഴ്ച രാവിലെ പത്തു മണിക്ക് ബാംഗ്ളൂർ സർജാപൂർ റോഡിലെ സംസ്കൃതി പവിലിയൻ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. സമന്വയ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക് 9448883858