എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ടൂർണമെന്റിൻ്റെ ഫൈനലിൽ ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി ബാറ്റിംഗ് വെടിക്കെട്ടുമായി ശ്രദ്ധ കവർന്നു. ശ്രീലങ്കക്കെതിരായ മത്സരത്തിൽ വെറും 11 പന്തിൽ അർധസെഞ്ചുറി തികച്ച താരം ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ലോക റെക്കോർഡും സ്വന്തമാക്കി.
ടോസ് നേടി ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയച്ച ശ്രീലങ്കൻ നായകൻ്റെ തീരുമാനം തുടക്കത്തിൽ തന്നെ പിഴച്ചതായി തെളിയിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ഓപ്പണർമാർ പുറത്തെടുത്തത്. ആക്രമണോത്സുക ബാറ്റിംഗിലൂടെ ശ്രീലങ്കൻ ബൗളിംഗ് നിരയെ പൂർണമായും സമ്മർദത്തിലാക്കിയ സൂര്യവംശി തുടക്കം മുതൽ തന്നെ ആധിപത്യം സ്ഥാപിച്ചു.
വെറും 29 പന്തിൽ 94 റൺസാണ് 15-കാരനായ താരം നേടിയത്. പത്ത് ബൗണ്ടറികളും എട്ട് സിക്സറുകളും ഉൾപ്പെട്ട ഇന്നിങ്സിലൂടെ സെഞ്ചുറിക്ക് വെറും ആറ് റൺസ് അകലെവരെ താരം എത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കൻ താരങ്ങളുമായുണ്ടായ വാക്കേറ്റങ്ങൾക്ക് ബാറ്റുകൊണ്ടുള്ള മറുപടിയാണ് സൂര്യവംശി നൽകിയത്.
ഒമ്പത് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 132 റൺസെന്ന ശക്തമായ നിലയിലേക്കാണ് താരം ഇന്ത്യയെ എത്തിച്ചത്. സെഞ്ചുറി നഷ്ടമായെങ്കിലും ധംബുള്ളയിൽ പുതിയ ലോക റെക്കോർഡ് കുറിച്ചാണ് സൂര്യവംശി മടങ്ങിയത്.