താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. എക്സിക്യൂട്ടീവ് കമ്മിറ്റിക്കുള്ളിലെ ഭിന്നതകളും വിവാദങ്ങളും ചർച്ചയാകുന്ന സാഹചര്യത്തിൽ യോഗം ഏറെ ശ്രദ്ധേയമാകുമെന്നാണ് വിലയിരുത്തൽ. സംഘടനയ്ക്കെതിരെ പൊതുവേദികളിൽ പ്രതികരിച്ചെന്നാരോപിച്ച് നടി അൻസിബ ഹസന് നൽകിയ കാരണം കാണിക്കൽ നോട്ടീസും അതിന് ഇതുവരെ മറുപടി ലഭിക്കാത്തതും യോഗത്തിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായേക്കും. അൻസിബയ്ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും, അവരെ വീണ്ടും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന നിലപാടും സംഘടനയ്ക്കുള്ളിൽ ഉയരുന്നുണ്ട്.
നടൻ ടിനി ടോമിനെതിരായ പരാതിയുമായി അൻസിബ കോടതിയെ സമീപിച്ചതും സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾക്ക് കൂടുതൽ മൂർച്ച നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
ടിനി ടോം, ജോയ് മാത്യു, ലക്ഷ്മിപ്രിയ എന്നിവർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസുകൾ, ട്രഷറർ ഉണ്ണി ശിവപാലിനെതിരായ തൊഴിലിട പീഡന പരാതി, പ്രസിഡണ്ട് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ എന്നിവയും അംഗങ്ങൾക്കിടയിൽ ചർച്ചയാകും. നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ശക്തമാണ്. സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുതിർന്ന അംഗങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.