കർണാടക നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും തൻ്റെ കൈവശമുണ്ടെന്ന് കേന്ദ്രമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി വ്യക്തമാക്കി. ജെഡിഎസ് സ്ഥാനാർഥിക്ക് ലഭിച്ച വോട്ടുകളിൽ ഉണ്ടായ കുറവ് മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നുവെന്നും ഫലത്തിൽ താൻ അത്ഭുതപ്പെടുകയോ അസ്വസ്ഥനാകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

18 എംഎൽഎമാർ ഉള്ള ജെഡിഎസിൻ്റെ സ്ഥാനാർഥിക്ക് ലഭിച്ചത് 14 വോട്ടുകൾ മാത്രമായിരുന്നു. നാല് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തതായി ചൂണ്ടിക്കാട്ടിയ കുമാരസ്വാമി, അവർ ആരൊക്കെയാണെന്ന് വ്യക്തമായി അറിയാമെന്നും ഇവർ നേരത്തെ തന്നെ പാർട്ടി വിടുന്നതിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നുവെന്നും വെളിപ്പെടുത്തി.

സ്വന്തം പാർട്ടിയിലെ എംഎൽഎമാരുടെ നിലപാട് മനസിലാക്കുന്നതിനും വിശ്വസ്തത പരിശോധിക്കുന്നതിനുമായാണ് സ്ഥാനാർഥിയെ മത്സരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2028ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പാണ് യഥാർഥ രാഷ്ട്രീയ പോരാട്ടമെന്നും അതിനായുള്ള ഒരുക്കങ്ങൾ ഇപ്പോഴേ ആരംഭിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

ജെഡിഎസിൻ്റെ കരുത്ത് സാധാരണ പ്രവർത്തകരാണെന്നും പണത്തിനും അധികാരത്തിനും രാഷ്ട്രീയ സമ്മർദങ്ങൾക്കും എതിരായി പാർട്ടി പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയെ സംരക്ഷിക്കാൻ ആത്മാർഥരായ പ്രവർത്തകർ ഇപ്പോഴും ഒപ്പമുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

Related Posts