അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതൂർ മേലെ ചുണ്ടപ്പെട്ടി സ്വദേശികളായ സുബ്രഹ്മണ്യൻ-മല്ലിക ദമ്പതികളുടെ അഞ്ചും രണ്ടും വയസ്സുള്ള മക്കളാണ് ചികിത്സയിലുള്ളത്.

വെള്ളിയാഴ്ച വൈകിട്ട് വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടികൾ വിഷക്കായ കഴിച്ചതെന്നാണ് വിവരം. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ കുടുംബാംഗങ്ങൾ കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ചു.

ആദ്യം കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

നിലവിൽ ഇരുവരും അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Related Posts