എറണാകുളം ജില്ലയിലെ കോട്ടുവള്ളി കൂനമ്മാവ് പള്ളിക്കടവ് റോഡിൽ പട്ടാപകൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. പള്ളിക്കടവ് റോഡിലെ ട്രാൻസ്ഫോർമറിന് സമീപമുള്ള ചുള്ളിക്കാട്ട് ദേവസിയുടെ വീട്ടിലാണ് വെള്ളിയാഴ്ച മോഷണം നടന്നത്. വീട്ടുടമയും ഭാര്യയും ആശുപത്രിയിൽ പോയ സമയത്താണ് മോഷ്ടാവ് വീട്ടിൽ കയറി സ്വർണവും പണവും കവർന്നത്.

ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീട്ടിലെത്തിയ ദേവസിയും ഭാര്യ ഷീലയും അടുക്കളവാതിൽ തകർന്നുകിടക്കുന്നത് കണ്ടതോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. വീടിൻ്റെ മുൻവശത്തെ ഗേറ്റ് പൂട്ടിയിരുന്നതിനാൽ പിന്നിലൂടെ എത്തി അടുക്കളവാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് പൊലീസ് കണ്ടെത്തി.

വീട്ടിൽ നിന്ന് ആകെ 14 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും നഷ്ടമായി. താഴത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവൻ സ്വർണവും പണവുമാണ് ആദ്യം കവർന്നത്. തുടർന്ന് മുകളിലത്തെ നിലയിൽ താമസിക്കുന്ന മകൻ്റെ ഭാര്യയുടെ മുറിയിലെ അലമാര തുറന്ന് ഒൻപത് പവൻ സ്വർണാഭരണങ്ങളും മോഷ്ടാവ് കൈക്കലാക്കി. എന്നാൽ അലമാരയിലുണ്ടായിരുന്ന 50,000 രൂപ മോഷ്ടാവിൻ്റെ ശ്രദ്ധയിൽപ്പെടാതെ രക്ഷപ്പെട്ടു.

മോഷ്ടാവ് വീട്ടിന്റെ പിൻവശം വഴിയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസിൻ്റെ നിഗമനം. പ്രദേശത്ത് സിസിടിവി ക്യാമറകൾ ഇല്ലെങ്കിലും സമീപ പ്രദേശങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ വരാപ്പുഴ പൊലീസ് പരിശോധിച്ചുവരികയാണ്.

സംഭവദിവസം ഉച്ചയോടെ ഒരാൾ മൂന്ന് തവണ വീടിൻ്റെ പരിസരത്ത് ചുറ്റിനടന്നതായി ഒരു സ്ത്രീ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ സമീപത്തെ അതിഥി തൊഴിലാളികൾ താമസിക്കുന്ന മേഖലകളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്.

Related Posts