ഫിഫ ലോകകപ്പിൽ ആതിഥേയരായ യുഎസ്എയുടെ കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ യുഎസ്, തുടർച്ചയായ രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32-ലേക്കുള്ള പ്രവേശനം ഉറപ്പിച്ചു.

മത്സരത്തിൻ്റെ തുടക്കത്തിൽ ഇരു ടീമുകളും സൂക്ഷ്മത പുലർത്തിയെങ്കിലും പിന്നീട് ആക്രമണത്തിൽ മേൽക്കൈ നേടിയത് യുഎസായിരുന്നു. 11-ാം മിനിറ്റിൽ ഫൊളാരിൻ ബലോഗൻ്റെ മുന്നേറ്റത്തിനൊടുവിൽ ഓസ്ട്രേലിയൻ താരം കാമറോൺ ബർജെസ് സ്വന്തം വലയിലേക്ക് പന്തെത്തിച്ചതോടെ യുഎസ് ലീഡ് നേടി.

ഗോൾ നേടിയതിന് പിന്നാലെ ആക്രമണം ശക്തമാക്കിയ യുഎസ്, ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ലീഡ് ഇരട്ടിയാക്കി. 43-ാം മിനിറ്റിൽ കോർണറിൽ നിന്നുണ്ടായ അവസരം അലക്‌സ് ഫ്രീമാൻ ഹെഡറിലൂടെ വലയിലെത്തിച്ചു. ആദ്യം ഓഫ്‌സൈഡ് വിധിച്ചെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ മാറ്റങ്ങൾ വരുത്തി തിരിച്ചടിക്കാൻ ഓസ്ട്രേലിയ ശ്രമിച്ചെങ്കിലും യുഎസ് പ്രതിരോധം ഭേദിക്കാനായില്ല. അവസാന നിമിഷങ്ങളിൽ ഓസീസ് ചില മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. ആദ്യ മത്സരത്തിൽ പാരഗ്വായെ 4-1ന് തകർത്ത യുഎസ്, രണ്ടാം മത്സരത്തിലും ആധിപത്യം തുടരുകയായിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ആതിഥേയർ നോക്കൗട്ട് ഘട്ടത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.

Related Posts