ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികൾക്കായുള്ള വിശദമായ മാർഗനിർദേശങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തിറക്കി. പരീക്ഷാ ദിനത്തിൽ പാലിക്കേണ്ട ഡ്രസ് കോഡ്, പരീക്ഷാ കേന്ദ്രങ്ങളിൽ അനുവദനീയമായ വസ്തുക്കൾ, സുരക്ഷാ പരിശോധനകൾ എന്നിവ സംബന്ധിച്ച നിർദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.
പരീക്ഷാർഥികൾ ലളിതമായ വസ്ത്രങ്ങൾ ധരിച്ചെത്തണമെന്നും, വലിയ ബട്ടണുകൾ, അലങ്കാരങ്ങൾ, ലോഹ ഘടകങ്ങൾ എന്നിവയുള്ള വസ്ത്രങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഷൂസിന് പകരം സാൻഡലുകളോ ചെരിപ്പുകളോ ധരിക്കുന്നതാണ് ഉചിതമെന്നും എൻടിഎ അറിയിച്ചു.
മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ബ്ലൂടൂത്ത് ഉപകരണങ്ങൾ, കാൽക്കുലേറ്റർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പരീക്ഷാ ഹാളിൽ കർശനമായി നിരോധിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് ആവശ്യമായ അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയും നിർബന്ധമായും കൈവശം കരുതണം.
സുരക്ഷാ പരിശോധനകൾക്കായി പരീക്ഷാ കേന്ദ്രങ്ങളിൽ നേരത്തെ എത്തിച്ചേരണമെന്നും, പരീക്ഷാ നടപടിക്രമങ്ങളുമായി പൂർണമായും സഹകരിക്കണമെന്നും എൻടിഎ വിദ്യാർഥികളോട് ആവശ്യപ്പെട്ടു. മാർഗനിർദേശങ്ങൾ പാലിക്കാത്തവരെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ലെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. പരീക്ഷയുടെ സുഗമവും സുതാര്യവുമായ നടത്തിപ്പിനായി എല്ലാ നിർദേശങ്ങളും കർശനമായി നടപ്പാക്കുമെന്നും എൻടിഎ വ്യക്തമാക്കി.
ഡ്രസ് കോഡും അനുവദനീയമായ വസ്തുക്കളും
സുതാര്യമായ വെളക്കുപ്പി
ഹാൾടിക്കറ്റ് സുതാര്യമായ പ്ലാസ്റ്റിക് പൗച്ചിൽ സൂക്ഷിക്കാം.
മതചിഹ്നങ്ങൾ, തലപ്പാവ്, ഹിജാബ് തുടങ്ങിയ മതപരമായ വസ്തുക്കൾ ധരിക്കാം. എന്നാൽ ഇക്കാര്യം പരീക്ഷാകേന്ദ്രത്തിൽ മുൻകൂട്ടി അറിയിക്കണം.
കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാം.
ഫുൾക്കൈ വസ്ത്രങ്ങൾ ധരിക്കണം.
സ്ലിപ്പർ അല്ലെങ്കിൽ ഹീൽ ഇല്ലാത്ത ചെരിപ്പുകൾ ധരിക്കണം. ഹൈ ഹീൽ ചെരിപ്പ് ധരിക്കുന്നവർ അധിക സ്ക്രീനിംഗ് പരിശോധനകൾക്ക് വിധേയരാകേണ്ടി വരും. ഷൂസിന് അനുവാദമില്ല.
അനുവദനീയമല്ലാത്തവ
മൊബൈൽ ഫോൺ
സ്മാർട്ട് വാച്ച്
ബ്ലൂടൂത്ത് ഉപകരണങ്ങൾ
ഇയർഫോൺ
ആശയവിനിമയത്തിനുള്ള വസ്തുക്കൾ
ലോഹ വസ്തുക്കൾ
വലിയ ബെൽറ്റ് ബക്കിൾസ്
വലിയ ആഭരണങ്ങൾ
പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ വിദ്യാർത്ഥികളും നിർബന്ധിത പരിശോധനയ്ക്ക് വിധേയരാകണമെന്ന് എൻടിഎ അറിയിച്ചു. നിശ്ചിത റിപ്പോർട്ടിംഗ് സമയത്തുതന്നെ വിദ്യാർത്ഥികൾ പരീക്ഷാഹാളുകളിൽ എത്തിച്ചേരണം. പുനഃപരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 011-40759000 അല്ലെങ്കിൽ 011-69227700 എന്ന നമ്പറിൽ എൻടിഎ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാം. അല്ലെങ്കിൽ neetug2026@nta.ac.in എന്ന വിലാസത്തിൽ വിവരങ്ങൾ ലഭിക്കും.