യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനക്ഷേമ പദ്ധതികളിലും വികസന പ്രവർത്തനങ്ങളിലും സർക്കാർ പിന്മാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പരമ്പരാഗത വ്യവസായ മേഖലകൾക്കുള്ള വിഹിതം വെട്ടിക്കുറച്ചതും കാർഷിക മേഖലയ്ക്ക് കാര്യമായ ആശ്വാസ നടപടികൾ ഇല്ലാത്തതും ബജറ്റിൻ്റെ പ്രധാന പോരായ്മകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം സാമ്പത്തികമായി ഗുരുതര പ്രതിസന്ധിയിലാണെന്ന സന്ദേശമാണ് നയപ്രഖ്യാപനത്തിലും ധവളപത്രത്തിലും നൽകിയതെന്നും അതേ നിലപാട് തന്നെയാണ് ബജറ്റിലും ആവർത്തിച്ചതെന്നും പിണറായി പറഞ്ഞു. എന്നാൽ ബജറ്റിലെ വകയിരുത്തലുകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി അത്ര മോശമല്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് വിമർശിച്ച പിണറായി, ജനക്ഷേമത്തിനും പൊതുവികസനത്തിനും മുൻഗണന നൽകേണ്ട സർക്കാർ അതിൽ നിന്ന് പിന്നോട്ടുപോകുകയാണെന്നും ആരോപിച്ചു. വിവിധ മേഖലകളിലെ ബജറ്റ് വിഹിതം കുറച്ചതും കർഷകർക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങൾ ഇല്ലാത്തതും നിരാശാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.