നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കേണ്ടതില്ലെന്ന പ്രാഥമിക വിലയിരുത്തലിലാണ് പൊലീസ്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും നേരിട്ടുള്ള തെളിവുകളോ മൊഴികളോ ഇല്ലെന്നും കടവന്ത്ര പൊലീസ് വ്യക്തമാക്കുന്നു.
പരാതിയിൽ നിയമനടപടിക്ക് ആവശ്യമായ അടിസ്ഥാനങ്ങൾ കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണസംഘത്തിൻ്റെ നിലപാട്. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ സെൻട്രൽ എസിപിക്ക് സമർപ്പിക്കും. പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് അൻസിബ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു.
ഇതിനിടെ, ‘അമ്മ’ ജനറൽ ബോഡി യോഗം നടക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ വാർഷിക റിപ്പോർട്ട് അംഗങ്ങൾക്ക് കൈമാറാത്തത് വിവാദമാകുകയാണ്. ബൈലോ പ്രകാരം 21 ദിവസം മുമ്പ് റിപ്പോർട്ട് നൽകേണ്ടതുണ്ടെങ്കിലും ഇതുവരെ അംഗങ്ങൾക്ക് ലഭിച്ചിട്ടില്ല. വരവ്-ചെലവ് കണക്കുകളിലെ അവ്യക്തതയാണ് റിപ്പോർട്ട് വൈകാൻ കാരണമെന്നാണ് സൂചന. വിഷയത്തിൽ ചർച്ച ചെയ്യാൻ ഇന്ന് രാവിലെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരും.