ഇന്ത്യൻ വംശജനും നാസ ബഹിരാകാശയാത്രികനുമായ ഡോ.അനിൽ മേനോൻ തൻ്റെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി ഒരുങ്ങുന്നു. 2026 ജൂലൈ 14ന് കസാഖിസ്ഥാനിലെ ബൈക്കോണൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് MS-29 പേടകത്തിലൂടെയാണ് അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്രതിരിക്കുന്നത്.
എക്സ്പെഡിഷൻ 74/75 സംഘത്തിൻ്റെ ഭാഗമായി ഏകദേശം എട്ട് മാസം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുന്ന അനിൽ മേനോൻ, റഷ്യൻ കോസ്മോനോട്ടുകളായ പ്യോട്ടർ ഡുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. 2027 വസന്തകാലത്ത് സംഘം ഭൂമിയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ.
മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കുന്ന ഭാവി ദൗത്യങ്ങൾക്ക് നിർണായകമായ ശാസ്ത്രീയ പരീക്ഷണങ്ങളാണ് അദ്ദേഹം ISS-ൽ നടത്തുക. മൈക്രോഗ്രാവിറ്റിയിൽ മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, രക്തചംക്രമണ വ്യവസ്ഥയിലെ വ്യതിയാനങ്ങൾ, ബഹിരാകാശത്ത് മെഡിക്കൽ ആവശ്യങ്ങൾക്ക് ഐവി ദ്രാവകങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇതിൽ ഉൾപ്പെടും.
അമേരിക്കയിലെ മിന്നസോട്ടയിൽ ഇന്ത്യൻ-ഉക്രേനിയൻ മാതാപിതാക്കളുടെ മകനായി ജനിച്ച അനിൽ മേനോൻ എമർജൻസി മെഡിസിൻ ഡോക്ടറും മെക്കാനിക്കൽ എൻജിനീയറുമാണ്. യുഎസ് സ്പേസ് ഫോഴ്സിലെ കേണലായ അദ്ദേഹം നാസയുടെ ഫ്ലൈറ്റ് സർജനായും സ്പേസ് എക്സിൻ്റെ ആദ്യ ഫ്ലൈറ്റ് സർജനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021-ലാണ് നാസയുടെ ബഹിരാകാശയാത്രികരുടെ സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഡോ. അനിൽ മേനോൻ്റെ കന്നി ബഹിരാകാശ ദൗത്യം ആഗോള ബഹിരാകാശ ഗവേഷണ രംഗത്ത് ശ്രദ്ധേയമായ നേട്ടമായും ഇന്ത്യൻ വംശജരുടെ അഭിമാന മുഹൂർത്തമായും വിലയിരുത്തപ്പെടുന്നു.