പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജൂൺ 20-ന് ഡൽഹിയിലെ ജന്തർ മന്ദറിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ചു.
സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് സമാധാനപരമായ ധർണയ്ക്കായി ഡൽഹി പൊലീസിനോട് അനുമതി തേടിയിട്ടുണ്ടെന്നും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും പാർട്ടി നേതാക്കൾ അറിയിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.
ജന്തർ മന്ദറിലെ സമരം പൂർണമായും സമാധാനപരമായിരിക്കുമെന്നും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും യുവാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടനുബന്ധിച്ച് ‘ചലോ ഡൽഹി’ എന്ന ആഹ്വാനവും പാർട്ടി പുറപ്പെടുവിച്ചിട്ടുണ്ട്.
അമൃത്സർ, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ലഖ്നൗ തുടങ്ങിയ നഗരങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളുടെ തുടർച്ചയായാണ് ഡൽഹിയിലെ രണ്ടാംഘട്ട സമരം സംഘടിപ്പിക്കുന്നത്. യുവജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.