ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി പോർച്ചുഗൽ ഇന്ന് കളത്തിലിറങ്ങും. ആഫ്രിക്കൻ പ്രതിനിധികളായ ഡി.ആർ. കോംഗോയെ നേരിടുന്ന മത്സരത്തിൽ എല്ലാ കണ്ണുകളും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിലായിരിക്കും.

ഇന്നത്തെ മത്സരത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആറു ടൂർണമെന്റുകളിൽ കളിക്കുന്ന ആദ്യ താരമെന്ന അപൂർവ നേട്ടം റൊണാൾഡോ സ്വന്തമാക്കും. ഇതിന് പുറമെ, മത്സരത്തിൽ ഗോൾ നേടാനായാൽ തുടർച്ചയായ ആറു ലോകകപ്പുകളിൽ വലകുലുക്കുന്ന ആദ്യ ഫുട്ബോളറെന്ന മറ്റൊരു ചരിത്രവും അദ്ദേഹത്തെ തേടിയെത്തും.

റോബർട്ടോ മാർട്ടിനെസിൻ്റെ നേതൃത്വത്തിൽ കിരീട പ്രതീക്ഷകളോടെയാണ് പോർച്ചുഗൽ ലോകകപ്പിന് എത്തുന്നത്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, വിറ്റീന്യ, റാഫേൽ ലിയാവോ തുടങ്ങിയ താരങ്ങൾ ടീമിൻ്റെ കരുത്താണ്.

അതേസമയം, 52 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് വേദിയിലെത്തുന്ന ഡി.ആർ. കോംഗോ അട്ടിമറി ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. യോനെ വിസയുടെ നേതൃത്വത്തിലുള്ള കോംഗോ പോർച്ചുഗലിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ.

റൊണാൾഡോയുടെ ചരിത്രനേട്ടത്തിനും പോർച്ചുഗലിൻ്റെ ലോകകപ്പ് യാത്രയ്ക്കും തുടക്കമാകുന്ന മത്സരം ഫുട്ബോൾ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Related Posts