ബന്ദിപ്പൂർ വനമേഖലയിലെ രാത്രി യാത്രാ നിരോധനത്തിൽ ഇളവ് അനുവദിക്കുന്ന വിഷയത്തിൽ അനുഭാവപൂർണമായ സമീപനം സ്വീകരിക്കാമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകിയതായി എം.കെ. രാഘവൻ എംപി അറിയിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാത്രി യാത്രാ നിരോധനത്തിന് ദീർഘകാല പരിഹാരമായി കേരളം മുന്നോട്ടുവെച്ച മേൽപാല നിർമാണ പദ്ധതിക്ക് കർണാടകയുടെ സഹകരണം തേടിയാണ് ചർച്ച നടന്നത്. കൊല്ലേഗൽ–കോഴിക്കോട് ദേശീയപാത 766 കടന്നുപോകുന്ന ബന്ദിപ്പൂർ വനമേഖലയിൽ വന്യജീവികളുടെ സഞ്ചാരത്തെ ബാധിക്കാതെ ഓരോ കിലോമീറ്ററിലും അഞ്ച് മേൽപാലങ്ങൾ നിർമിക്കാനാണ് നിർദേശം. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിൻ്റെ പിന്തുണയോടെ കേരളവും കർണാടകയും ചേർന്നാണ് പദ്ധതി നടപ്പാക്കേണ്ടത്.

എന്നാൽ, 2019-ൽ ഈ പദ്ധതിക്ക് അനുമതി നൽകാനാകില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം, മധ്യപ്രദേശിലെ പെഞ്ച്–കൻഹ വനമേഖലയിൽ സമാന മാതൃകയിലുള്ള മേൽപാല പദ്ധതികൾ വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും എം.കെ. രാഘവൻ ചൂണ്ടിക്കാട്ടി. കേരളത്തിൻ്റെ നിർദേശം യാഥാർഥ്യമായാൽ വയനാട് വഴിയുള്ള മലബാർ മേഖലയിലേക്കുള്ള യാത്രയും ചരക്കുനീക്കവും കൂടുതൽ സുഗമമാകുമെന്നും അദ്ദേഹം ഡി.കെ. ശിവകുമാറിന് കൈമാറിയ നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, ബന്ദിപ്പൂർ വനമേഖലയിലൂടെ 20 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി തുരങ്കപാത നിർമിക്കണമെന്ന വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ നിർദേശവും ചർച്ചയിലുണ്ട്. ഈ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി കഴിഞ്ഞ മാസം ബന്ദിപ്പൂർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു.

Related Posts