ബെംഗളൂരു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ ഇ-സിഗരറ്റുകൾ ഉൾപ്പെടെ ഏകദേശം 8 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദേശികൾ ഉൾപ്പെടെ 23 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
ഹെബ്ബാൾ, ഇന്ദിരാനഗർ, ജീവൻഭീമാനഗർ, എസ്.ജി. പാളയ, ഹെന്നൂർ, ബാനസവാടി, അൾസൂർ, കെ.ജി. ഹള്ളി തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ റെയ്ഡുകളിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. അറസ്റ്റിലായവരിൽ ആറ് പേർ ഇതരസംസ്ഥാന സ്വദേശികളുമാണ്.
കോളജ് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. പരിശോധനയിൽ 5.36 കിലോ ഹൈഡ്രോ കഞ്ചാവ്, 143 ഗ്രാം കൊക്കെയ്ൻ, 10.99 കിലോ കഞ്ചാവ്, 237 ഗ്രാം എംഡിഎംഎ, 180 പെട്ടി ഇ-സിഗരറ്റുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ലഹരി ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നഗരത്തിൽ സമാന പരിശോധനകൾ തുടരുമെന്നും പൊലീസ് അറിയിച്ചു.