കർണാടകയിലെ ഹൂബ്ലിയിൽ 35 വയസ്സുള്ള യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ. 2026 ജനുവരി 9നാണ് യുവതി പീഡനത്തിനു ഇരയായത്. രാത്രി 12 മണിയോടു അടുപ്പിച്ച് യുവതിയെ ഹുബ്ലിയിലെ അംബേദ്‌കർ ഗ്രൗണ്ടിൽനിന്നു ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയാണ് രണ്ടു പേർ പീഡനത്തിനു ഇരയാക്കിയത്. ബലപ്രയോഗത്തിലൂടെ മദ്യം കഴിപ്പിച്ച ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് പ്രതികൾ യുവതിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി വീട്ടിൽനിന്നും ഇറങ്ങിയ യുവതി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഗരത്തിൽ അലയുകയായിരുന്നു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു താമസം.
സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് പൊലീസ് സംഭവത്തെക്കുറിച്ച് അറിയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പീഡനത്തിനു ഇരയായ യുവതിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഗണേഷ്, ശിവാനന്ദ് എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനു പ്രദിപ് എന്നയാളും പിടിയിലായി. മൂവരും തൊഴിലാളികളാണെന്ന് പോലീസ് പറഞ്ഞു.