സംസ്ഥാനത്ത് പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ. ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി ഹൈപവർ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.
രോഗവ്യാപന സാഹചര്യം, മരുന്നുകളുടെ ലഭ്യത, പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിറ്റിക്ക് ചുമതല നൽകിയിരിക്കുന്നത്. ജില്ലാതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ആക്ഷൻ കമ്മിറ്റികളും രൂപീകരിച്ചു.
ഇതിനിടെ വയനാട്ടിൽ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ മലേറിയയും റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
മഴക്കാലത്തിന് മുൻപുള്ള ശുചീകരണ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് കാരണം ചിലയിടങ്ങളിൽ തടസപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ആവശ്യമായ മരുന്നുകളുടെ സ്റ്റോക്ക് ലഭ്യമാണെന്നും ഭക്ഷ്യസുരക്ഷാ പരിശോധനകളും കുടിവെള്ള പരിശോധനകളും കൂടുതൽ കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.