സംസ്ഥാന സർക്കാരിൻ്റെ ‘പ്രിയദർശിനി’ പദ്ധതിക്ക് ഇന്ന് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതോടെ സംസ്ഥാനത്തെ കെഎസ്ആർടിസിയുടെ 3,125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും പ്രായഭേദമന്യേ സൗജന്യ യാത്ര ലഭ്യമാകും.
സൗജന്യ യാത്രാ പദ്ധതിയിൽ ഉൾപ്പെട്ട ബസുകൾ തിരിച്ചറിയുന്നതിനായി ‘പ്രിയദർശിനി’ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. യാത്ര സൗജന്യമാണെങ്കിലും യാത്രക്കാർ നിർബന്ധമായും സീറോ-വാല്യൂ ടിക്കറ്റ് കൈപ്പറ്റണം. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർക്ക് 500 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗം ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.