ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ഹെയ്‌തിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സ്കോട്ട്ലൻഡ്. മിഡ്ഫീൽഡർ ജോൺ മക്ഗിൻ നേടിയ ഏക ഗോളിലാണ് സ്കോട്ടിഷ് ടീം വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ബ്രസീലും മൊറോക്കോയും ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡ് ഒന്നാം സ്ഥാനത്തെത്തി.

മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ സ്കോട്ട്ലൻഡ് ആക്രമണ ഫുട്ബോൾ പുറത്തെടുത്തെങ്കിലും പിന്നീട് ഹെയ്‌തി ശക്തമായി തിരിച്ചടിച്ചു. ലൂസിയസ് ഡീഡ്‌സൺ, ജീൻ-റിക്‌നർ ബെല്ലെഗാർഡ്, വിൽസൺ ഇസിഡോർ എന്നിവർ മുന്നിൽ നിന്ന ഹെയ്‌തി സ്കോട്ടിഷ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു.

16-ാം മിനിറ്റിൽ സ്കോട്ട് മക്ടോമിനെയുടെ കർവിങ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ സ്കോട്ട്ലൻഡിന് ലീഡ് നേടാനുള്ള മികച്ച അവസരം നഷ്ടമായി. എന്നാൽ 28-ാം മിനിറ്റിൽ അവർ കാത്തിരുന്ന ഗോൾ കണ്ടെത്തി. ചെ ആദംസ് നടത്തിയ ശ്രമം ഹെയ്‌തി ഗോൾകീപ്പർ ജോണി പ്ലാസിഡ് തടഞ്ഞെങ്കിലും റീബൗണ്ട് പന്ത് ഏറ്റെടുത്ത ജോൺ മക്ഗിൻ പിഴവില്ലാതെ വലയിൽ എത്തിച്ചു.

ഗോൾ വഴങ്ങിയതിന് പിന്നാലെ സമനിലക്കായി ഹെയ്‌തി ആക്രമണം ശക്തമാക്കിയെങ്കിലും സ്കോട്ടിഷ് പ്രതിരോധം ഉറച്ചുനിന്നു. ആദ്യ പകുതി 1-0ന് സ്കോട്ട്ലൻഡിൻ്റെ അനുകൂലമായി അവസാനിച്ചു.

രണ്ടാം പകുതിയിലും ഹെയ്‌തി മികച്ച പ്രകടനം തുടർന്നു. ഇടത് വിങ്ങിലൂടെ പ്രൊവിഡൻസ് നടത്തിയ മുന്നേറ്റങ്ങളും അപകടകരമായ ക്രോസുകളും സ്കോട്ട്ലൻഡിന് വെല്ലുവിളിയായി. അതേസമയം ലീഡ് ഇരട്ടിയാക്കാനുള്ള മികച്ച അവസരം 73-ാം മിനിറ്റിൽ ലഭിച്ചെങ്കിലും മക്ഗിന് ലക്ഷ്യം കണ്ടെത്താനായില്ല.

മത്സരത്തിൻ്റെ അവസാന ഘട്ടത്തിൽ പ്രൊവിഡൻസിൻ്റെയും പകരക്കാരനായി ഇറങ്ങിയ ജോസഫിൻ്റെയും നേതൃത്വത്തിൽ ഹെയ്‌തി തുടർച്ചയായ ആക്രമണങ്ങൾ നടത്തി. എന്നാൽ നിർണായക സമയങ്ങളിൽ സ്കോട്ടിഷ് പ്രതിരോധനിര നടത്തിയ ബ്ലോക്കുകളും ഇടപെടലുകളും ടീമിൻ്റെ ലീഡ് സംരക്ഷിച്ചു. ഒടുവിൽ ഏക ഗോളിൻ്റെ കരുത്തിൽ സ്കോട്ട്ലൻഡ് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കി.

Related Posts