പാൽഘർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഫുട്ബോൾ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നടന്ന സംഭവത്തിൽ ഫുട്ബോൾ കോച്ച് അഭിജിത് മെൻഡൽ (36) ആണ് പിടിയിലായത്.

കായികരംഗത്ത് മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രതി പെൺകുട്ടിയുടെ വിശ്വാസം നേടിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പരാതിയിലുണ്ട്.

പീഡനത്തിൻ്റെ ദൃശ്യങ്ങൾ പ്രതി പകർത്തിയതായും തുടർന്ന് പെൺകുട്ടി ഇയാളിൽ നിന്ന് അകലം പാലിക്കാൻ ശ്രമിച്ചപ്പോൾ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ കേസെടുത്ത മണിക്പൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ വിട്ടു. പോക്സോ നിയമം, ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൻ്റെ എല്ലാ വശങ്ങളും പരിശോധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Posts