തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം. സൗത്ത് 24 പർഗാനാസിലെ സോനാപൂരില്‍ വെച്ച് അഭിഷേക് ബാനർജിക്ക് നേരെ ചീമുട്ടയെറിഞ്ഞു. അദ്ദേഹത്തിന്റെ ഷർട്ട് വലിച്ചുകീറി. പിന്നില്‍ ബിജെപിയാണെന്ന് അഭിഷേക് ബാനർജി ആരോപിച്ചു.
ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ബംഗാള്‍ സർക്കാറും കേന്ദ്രസർക്കാറും പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട തൃണമൂല്‍ പ്രവർത്തകന്റെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അഭിഷേക് ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേകിന് നേരെ തടിച്ചുകൂടിയ ജനക്കൂട്ടം ‘ചോർ, ചോർ’ (കള്ളൻ, കള്ളൻ) എന്ന് മുദ്രാവാക്യം വിളിച്ചു.