തൻ്റെ പ്രൊഡക്ഷൻ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പേര് ദുരുപയോഗം ചെയ്ത് സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് പണം തട്ടുന്ന ഏജന്റുമാർക്കെതിരേ മുന്നറിയിപ്പുമായി നടനും സംവിധായകനുമായ വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പ്രതിനിധികളെന്ന വ്യാജേനയാണ് തട്ടിപ്പുകാർ സിനിമാ മോഹികളെ സമീപിക്കുന്നത്. കമ്പനിയുടെ പേര് ദുരുപയോഗം ചെയ്ത് ആളുകളെ പറ്റിക്കുന്ന സംഘത്തിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് വിജയ് ബാബു അറിയിച്ചു.
തട്ടിപ്പുകാരെന്ന് ആരോപിക്കപ്പെടുന്ന രണ്ടു വ്യക്തികളുടെ പേരും നമ്പറും വിജയ് ബാബു പരസ്യപ്പെടുത്തി. ദിനേഷ് ദീനു, മാധവി എന്നീ പേരുകളിലാണ് ഇവർ ഉദ്യോഗാർഥികളെ ബന്ധപ്പെടുന്നത്. ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് വിശ്വസിപ്പിച്ച ശേഷം ഇവരോട് പലതും പറഞ്ഞു പണം ആവശ്യപ്പെടും. വ്യാജ ഇ- മെയിൽ ഐഡി ഉപയോഗിച്ചാണ് ഉദ്യോഗാർഥികളുമായി ആശയവിനിമയം നടത്തുന്നത്. കാസ്റ്റിങ് കമ്മിഷൻ, ഫ്ലൈറ്റ് ടിക്കറ്റ് ചാർജ് എന്നീ പേരുകൾ പറഞ്ഞാണ് പണം ആവശ്യപ്പെടുന്നതെന്നും വിജയ് ബാബു ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.