എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം കൽബുർഗി-ബെംഗളൂരു വിമാന സർവീസ് വീണ്ടും ആരംഭിക്കുന്നു. നാളെ മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് കൽബുർഗി വിമാനത്താവള ഡയറക്ടർ അറിയിച്ചു. സംസ്ഥാന സർക്കാർ വിമാന സർവീസ് നടത്തുന്ന കമ്പനിക്ക് സാമ്പത്തിക പിന്തുണ നൽകിയതോടെയാണ് സർവീസ് വീണ്ടും തുടങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്. ബെംഗളൂരുവിനെയും വടക്കൻ കർണാടകയെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യോമപാതയാണിത്. സ്റ്റാർ എയറാണ് റൂട്ടിൽ സർവീസ് നടത്തുക. 76 സീറ്റുകളുള്ള എംബ്രയർ 175 (E175) വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ദിവസേന സർവീസ് നടത്താനാണ് കമ്പനിയുടെ തീരുമാനം.
രാവിലെ 6.30ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.40ന് കൽബുർഗിയിലെത്തും. രാവിലെ 8.10ന് കൽബുർഗിയിൽ നിന്ന് തിരിച്ച് ബെംഗളൂരുവിലേക്ക് മടക്കയാത്ര നടത്തും. ഔദ്യോഗിക യാത്രകൾക്കും ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി യാത്ര ചെയ്യുന്നവർക്ക് ഈ സമയക്രമം ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. 2025 ഒക്ടോബർ 8 മുതലാണ് ഈ റൂട്ടിലെ വിമാന സർവീസ് നിർത്തിവെച്ചത്.