അവസാനറൗണ്ടിൽ ജർമ്മനിയുടെ വിൻസെൻറ് കെയ്‌മറെ ക്ലാസിക് ഗെയിമിൽ തന്നെ തോല്‌പിച്ച് മൂന്ന് പോയിൻറ് നേടിയതോടെ ഇന്ത്യയുടെ പ്രജ്ഞാനന്ദ നോർവ്വെ ചെസ് കിരീടം ചൂടി. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ നോർവ്വെ ചെസ് കിരീടം സ്വന്തമാക്കുന്നത്. കിരീടം നേടുന്ന പ്രജ്ഞാനന്ദയ്ക്ക് 70 ലക്ഷം രൂപയോളം സമ്മാനത്തുകയായി ലഭിയ്ക്കും. കഴിഞ്ഞ എത്രയോ വർഷങ്ങളായി നോർവ്വെക്കാരൻ കൂടിയായ മാഗ്നസ് കാൾസൻ ചൂടിയിരുന്ന കിരീടമാണ് ഇക്കുറി പ്രജ്ഞാനന്ദയെ തേടി എത്തുന്നത്.

ആറ് റൗണ്ട് വരെ പിന്നിൽ നിന്ന ശേഷമാണ് തുടർച്ചയായ നാല് ക്ലാസിക് ജയങ്ങളിലൂടെ പ്രജ്ഞാനന്ദ 18 പോയിൻറ് വാരിക്കൂട്ടിയത്. പ്രജ്ഞാനന്ദയുടെ ഈ പടയോട്ടത്തിൽ മാഗ്നസ് കാൾസൻ, ലോക ചെസ്‌ ചാമ്പ്യൻ ഡി ഗുകേഷ്, ഫ്രഞ്ച് താരം അലിറെസ ഫിറൂഷ, ജർമ്മൻ താരം വിൻസെൻറ് കെയ്‌മർ എന്നിവർ ക്ലാസിക് ഗെയിമുകളിൽ പ്രജ്ഞാനന്ദയോട് തോൽവി ഏറ്റുവാങ്ങി. മാഗ്നസ് കാൾസനെ ഈ ടൂർണ്ണമെൻറിൽ രണ്ട് തവണ പ്രജ്ഞാനന്ദ തോൽപിച്ചിരുന്നു. 19 വർഷം മുൻപ് ആനന്ദ് മാത്രമാണ് ഇതുപോലെ കാൾസനെ രണ്ട് തവണ ഒരു ടൂർണ്ണമെൻറിൽ തോല്പിച്ചിരിക്കുന്നത്.

ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിച്ച അമേരിക്കയുടെ വെസ്സി സോയ്ക്ക് അലിറെസ ഫിറുഷയെ ക്ലാസിക്ക് ഗെയിമിൽ തോല്‌പിക്കാൻ കഴിയാത്തതാണ് പ്രജ്ഞാനന്ദയ്ക്ക് കിരീടം നേടിക്കൊടുത്തത്. വെസ്സി സോയ്ക്ക് പ്രജ്ഞാനന്ദയേക്കാൾ ഒരു പോയിൻറ് കുറവോടെ 17 പോയിൻറ് മാത്രമാണ് ലഭിച്ചത്.

Related Posts