19-ാം സീസണ് ഐപിഎല്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ഇന്നു കൊമ്പുകോര്‍ക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30ന് ആണ് ഫൈനല്‍.
2026 സീസണിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നതെന്നത് പ്രവചനാതീതമാക്കും. ലീഗ് ടേബിളില്‍ 14 മത്സരങ്ങളില്‍നിന്ന് 18 പോയിന്റ് വീതമാണ് ബംഗളൂരുവും ഗുജറാത്തും നേടിയത്. നെറ്റ് റണ്‍ റേറ്റിന്റെ വ്യത്യാസത്തില്‍ ബംഗളൂരു ഒന്നാം സ്ഥാനത്തും ഗുജറാത്ത് രണ്ടാം സ്ഥാനത്തുമായി. ക്വാളിഫയര്‍ ഒന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 92 റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സിനെ ഏഴ് വിക്കറ്റ് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി. ഈ സീസണില്‍ ഇരുടീമും മൂന്നു തവണ ഏറ്റുമുട്ടിയിരുന്നു. അതില്‍ രണ്ടു ജയം ആര്‍സിബിക്കും ഒരു ജയം ഗുജറാത്ത് ടൈറ്റന്‍സിനും ആയിരുന്നു.
സീസണിലെ റണ്‍വേട്ടയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (722 റണ്‍സ്) സായ് സുദര്‍ശനുമാണ് (710) ഗുജറാത്തിന്റെ ഓപ്പണര്‍മാര്‍. ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാമതുള്ള ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാർ (26 വിക്കറ്റ്), റാഷിഖ് സലാം (16), ക്രുണാല്‍ പാണ്ഡ്യ (13), ഹെയ്സല്‍ വുഡ് (13) എന്നിവരാണ് പ്രധാന ബൗളർമാർ.
റണ്‍ വേട്ടക്കാരില്‍ അഞ്ചാമതുള്ള വിരാട് കോഹ്ലിയാണ് (600 റണ്‍സ്) ആര്‍സിബിയുടെ ബാറ്റിംഗ് നിരയെ നയിക്കുന്നത്. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ (486), ദേവ്ദത്ത് പടിക്കല്‍ (463) എന്നിവരും ബാറ്റിംഗ് പോരാട്ടം നയിക്കും. സീസണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ള കഗിസൊ റബാഡ(28 വിക്കറ്റ്), റഷീദ് ഖാന് (19), മുഹമ്മദ് സിറാജ് (18), ജേസണ്‍ ഹോള്‍ഡര്‍ (17), പ്രസിദ്ധ് കൃഷ്ണ (16) എന്നിവരാണ് പ്രധാന ബൗളർമാർ.