കേരളത്തിൽ അധികാരമേറ്റ പുതിയ സർക്കാരിൻ്റെ കന്നി നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയിൽ നടക്കും. രാവിലെ 8.55-ഓടെ സഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രി വി.ഡി. സതീശനും പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.ഗവർണർ രാവിലെ ഒമ്പതിന് സഭയെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള സർക്കാരിൻ്റെ നയരേഖയാകും ഇന്നത്തെ പ്രസംഗം.
അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. പുതുതായി രൂപീകരിച്ച വയോജന വകുപ്പിൻ്റെ ഭാവി പ്രവർത്തനങ്ങളും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കും. ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുന്നതും കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുമടക്കമുള്ള ‘ഇന്ദിരാ ഗ്യാരന്റികൾ’ക്ക് പ്രസംഗത്തിൽ വലിയ ഊന്നൽ ലഭിക്കുമെന്നാണ് വിവരം. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൻ്റെ തുടർപ്രവർത്തനങ്ങൾ, ദേശീയപാത വികസനം വേഗത്തിൽ പൂർത്തിയാക്കൽ, സംസ്ഥാനത്തിൻ്റെ സാമ്പത്തിക ഭദ്രത വീണ്ടെടുക്കൽ എന്നിവയും നയപ്രഖ്യാപന പ്രസംഗത്തിൻ്റെ പ്രധാന ഭാഗങ്ങളാകും. വരും ദിവസങ്ങളിൽ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകളാകും നിയമസഭയിൽ നടക്കുക.