ഐപിഎൽ 2026ന്റെ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമായി രാജസ്ഥാൻ റോയൽസ്. ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തിയാണ് രാജസ്ഥാൻ പ്ലേ ഓഫിലെത്തിയത്. വിജയത്തോടെ 16 പോയിന്റായ രാജസ്ഥാൻ നാലാമത്തെ ടീമായി പ്ലേ ഓഫിലെത്തി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് പ്ലെ ഓഫിലെത്തിയ മറ്റ് ടീമുകൾ. പ്ലേ ഓഫ് ബെർത്ത് പ്രതീപക്ഷിച്ചിരുന്ന 15 പോയിന്റുള്ള പഞ്ചാബും 13 പോയിന്റുള്ള കോൽക്കത്തയും പുറത്തായി. കോൽക്കത്ത ഡൽഹിയുമായുള്ള മത്സരത്തിൽ വിജയിച്ചാലും 15 പോയിന്റ് മാത്രമെ നേടാൻ സാധിക്കുകയുള്ളു
ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുക്കാനെ സാധിച്ചുള്ളു. മുംബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് 60 റൺസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 34 റൺസും വിൽ ജാക്ക്സ് 33 റൺസും എടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 205 റൺസെടുത്തത്. 38 റൺസെടുത്ത ജൂറലാണ് രാജസ്ഥാന്റെ ടോപ്സ്കോറർ. ആർച്ചർ 32 റൺസും ശനക 29 റൺസും ജയ്സ്വാൾ 27 റൺസുമെടുത്തു.