ബെംഗളൂരുവിൽ പുതുതായി നിർമിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ശിലാസ്ഥാപനം നടത്തി. ബെംഗളൂരുവിൽ നിലവിൽ അന്താരാഷ്ട്ര സ്റ്റേഡിയം ഇല്ലെന്ന കുറവ് പുതിയ സ്റ്റേഡിയം പരിഹരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. 943 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്റ്റേഡിയത്തിൽ 80,000 പേർക്ക് ഇരിക്കാനാവും. ആനേക്കൽ താലൂക്കിലുള്ള സൂര്യനഗറിൽ നിർമിക്കുന്ന സ്റ്റേഡിയം രാജ്യത്തെ രണ്ടാമത്തെ വലിയ സ്റ്റേഡിയമായിരിക്കും. നിലവിൽ ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് രാജ്യത്തെ വലിയ സ്റ്റേഡിയം. സംസ്ഥാന ഭവനനിർമാണ വകുപ്പും കർണാടക ഹൗസിങ് ബോർഡും ചേർന്നാണ് നിർമാണം നടത്തുന്നത്. നിർമാണത്തിനുള്ള ഫണ്ട് മുഴുവൻ വഹിക്കുന്നത് ഹൗസിങ് ബോർഡാണ്.
ആനേക്കലിൽ അന്താരാഷ്ട്ര സ്റ്റേഡിയം വരുന്നതോടെ മേഖലയിലെ ടൂറിസം സാധ്യതകൾ വികസിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. സമീപഗ്രാമങ്ങൾ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. വലിയ സ്റ്റേഡിയം നിർമിക്കുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധമുയർത്തിയിരുന്നു. പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി.പരമേശ്വര, ഭവനവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.