നവകേരള യാത്രയിലെ ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ പിണറായി വിജയൻ്റെ ഗണ്‍മാന്‍ അടക്കം അഞ്ച് പൊലീസുകാര്‍ കുറ്റക്കാര്‍. ഗണ്‍മാന്‍ അനില്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, എസ്‌കോര്‍ട്ടിലുണ്ടായിരുന്ന പൊലീസുകാരായ അരുണ്‍, ഷൈജു, വിപിന്‍ എന്നിവര്‍ പ്രതികളാണെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ദൃക്‌സാക്ഷികളുടെ മൊഴികളും സിസിടിവി ദൃശ്യങ്ങളും അടക്കം ശേഖരിച്ചശേഷമാണ് എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയിട്ടുള്ളത്.
കോടതിയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തിൻ്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ അഞ്ചുപേര്‍ക്കുമെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടില്ല. തുടരന്വേഷണത്തിനു ശേഷമാകും വകുപ്പുകള്‍ ചുമത്തുക. ഈ അഞ്ച് പേര്‍ക്കുമെതിരെ വകുപ്പുതല നടപടി ശുപാര്‍ശ ഉടന്‍ ഡിജിപിക്ക് കൈമാറും. ലോക്കല്‍ പൊലീസിൻ്റെ കസ്റ്റഡിയിലിരിക്കെയാണ്, പിണറായി വിജയൻ്റെ ഗണ്‍മാന്‍മാര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ലാത്തി കൊണ്ട് യൂത്ത് കോണ്‍ഗ്രസുകാരുടെ തലക്കടിച്ചു പരിക്കേല്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ ഭാഗത്തു നിന്നും ഗുരുതരചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.