കോഴിക്കോട് – ബെംഗളൂരു ദേശീയപാത ഏറെ നാളായുള്ള വടക്കൻ കേരളത്തിൻ്റെ സ്വപ്നമാണ്. ഇത് യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾക്ക് പുത്തൻ ഉണർവേകി പൂഴിത്തോട് – പടിഞ്ഞാറത്തറ തുരങ്കപാതയ്ക്ക് പൊതുമരാമത്ത് വകുപ്പിൻ്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. കേരളത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഈ തീരുമാനം നിർണായകമാകും. കേന്ദ്രത്തിൻ്റെ അനുമതി ഇതിനായി ലഭിക്കണം. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ അനുമതി കൂടിയായാൽ കോഴിക്കോട് – ബെംഗളൂരു ദേശീയപാത പദ്ധതിക്ക് വേണ്ടിയുളള നടപടികൾ വേഗത്തിലാക്കാൻ ഇത് വഴിയൊരുക്കിയേക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായിരുന്ന മുൻ വടകര എം.പി. കെ.പി. ഉണ്ണികൃഷ്ണൻ്റെ കാലത്താണ് കോഴിക്കോട് – ബെംഗളൂരു ദേശീയ പാത എന്ന ആശയം ആദ്യമായി കടന്നു വന്നത്. കർണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന രണ്ട് ദേശീയപാതകളാണ് കെപി ഉണ്ണികൃഷ്ണൻ അന്ന് വിഭാവനം ചെയ്തത്.

കോഴിക്കോട്-ബെംഗളൂരു ദേശീയ പാതയും തലശ്ശേരി – ചിത്രദുർഗ ദേശീയ പാതയും. കോഴിക്കോട് – ബെംഗളൂരു പാത കൊയിലാണ്ടിയിൽ നിന്ന് ആരംഭിച്ച് അഞ്ചാംപീടിക, കടിയങ്ങാട്, പേരാമ്പ്ര, പൂഴിത്തോട്, പടിഞ്ഞാറത്തറ വഴി കടന്നുപോകുന്ന തരത്തിലായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ കെപി ഉണ്ണികൃഷ്ണൻ മന്ത്രിസ്ഥാനമൊഴിഞ്ഞതോടെ പദ്ധതിക്ക് ആസൂത്രണ മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കുന്നതിൽ തടസ്സമുണ്ടായി. എൻഎച്ച് 66 കടന്നുപോകുന്ന കൊയിലാണ്ടിയിൽനിന്നും ആരംഭിച്ച് അഞ്ചാംപീടിക – പേരാമ്പ്ര – പെരുവണ്ണാമൂഴി മേഖലയിലൂടെ കടന്നുപോകുന്ന പുതിയ ദേശീയപാത ഈ പ്രദേശത്തിൻ്റെ വികസനത്തിന് വലിയ കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പാതയെ ദേശീയപാതയായി മാറ്റുന്നത് സാമ്പത്തിക വളർച്ചയെയും പ്രാദേശിക ഗതാഗതത്തെയും മെച്ചപ്പെടുത്തും.

കൊയിലാണ്ടിയിൽ നിന്ന് മൈസൂരിലേക്ക് ഒരു പുതിയ റെയിൽവേ ലൈൻ എന്ന നിർദ്ദേശവും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. മലബാർ മേഖലയിലെ എല്ലാ സ്റ്റേഷനുകളിലും വെച്ച്, പുതിയ റെയിൽവേ ലൈനിനും ജംഗ്ഷനും ഏറ്റവും കൂടുതൽ ഭൂമി ലഭ്യമാകുന്നത് കൊയിലാണ്ടിയിലാണ്. ഈ റെയിൽവേ പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകുകയാണെങ്കിൽ, കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ വികസനം ത്വരിതപ്പെടുത്താനും മേഖലയുടെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷ.

Related Posts