പാലക്കാട് കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാൽ പാലത്തിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ആറു പേർ ചിറ്റൂരിൽനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്നു. കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചശേഷം വയലിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിക്കിടന്ന 6 പേരെയും അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണു പുറത്തെടുത്തത്.

രോഹൻ സന്തോഷ് (22), രോഹൻ രഞ്ജിത് (24), സനുഷ് ശാന്തകുമാർ (19) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ആദിത്യൻ(23), ജിതിൻ (21), കാറിലുണ്ടായിരുന്ന ഋഷി (24) എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ഇടങ്ങളിൽ പഠിക്കുകയും ജോലി ചെയ്യുന്നവരുമാണ് ഈ ആറു പേരും. സുഹൃത്തുക്കളായ ഇവർ അവധി ദിവസം ഒരുമിച്ചുകൂടുകയും രാത്രി റൈഡിനായി പോകാറുണ്ടെന്നും പാലക്കാട് ടൗൺ സൗത്ത് പോലീസ് അറിയിച്ചു.

Related Posts