സർക്കാരിന്റെ പോലീസ് നയം വ്യക്തമാക്കുന്നതിനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. പോലീസ് ആസ്ഥാനത്ത് രാവിലെ ചേരുന്ന യോഗത്തിൽ എസ്പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് എ.ഹേമചന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ജനകീയ പോലീസിന് ഊന്നൽ നൽകണമെന്നാണ് യുഡിഎഫ് നയം. സമരങ്ങളോട് അസഹിഷ്ണുത വേണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും നിലവിലെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിക്കും. ക്രമസമാധാനം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ കാര്യങ്ങൾ ചർച്ചയാകും. അതിനുശേഷം മന്ത്രി രമേശ് ചെന്നിത്തല സർക്കാരിന്റെ പോലീസ് നയം അവതരിപ്പിക്കും. 100 ദിന കർമ്മ പരിപാടിയും ചർച്ച ചെയ്യും.