രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി ഞായറാഴ്ച സ്വീഡനിലെത്തി. മോദിയെ സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസൻ ഗോതൻബെർഗ് വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു. വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തി.
സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദ് പോളാർ സ്റ്റാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇതോടെ മോദിക്കു ലഭിച്ച രാജ്യാന്തര അംഗീകാരങ്ങളുടെ എണ്ണം 31 ആയി. സ്വീഡനുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ പ്രമുഖർക്കായി 1748 മുതൽ നൽകി വരുന്ന ബഹുമതിയാണിത്. 1921ൽ സ്റ്റോക്കോം സന്ദർശിച്ചപ്പോൾ രബീന്ദ്രനാഥ ടഗോർ കവിത കുറിച്ച രണ്ട് കാർഡുകളുടെ പകർപ്പും മോദിക്ക് സമ്മാനിച്ചു.
സ്വീഡനിലെ ഇന്ത്യൻ സമൂഹത്തെയും മോദി കണ്ടു. സ്വീഡിഷ് ഓപറ ഗായിക ഷാർലറ്റ് ഹൾഡറ്റ് വൈഷ്ണവ ജനതോ ഭജൻ പാടിയാണ് മോദിയെ വരവേറ്റത്.