ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ ഇന്ത്യ പാകിസ്ഥാനെതിരെ ​ഗുരുതര ആരോപണമുയർത്തി. കപട മുഖവുമായി മുന്നോട്ട് പോകുന്ന പാകിസ്ഥാൻ ഭീകരവാദികളെയും സാധാരണക്കാരെയും ഒരുപോലെയാണ് കാണുന്നതെന്ന് യുഎന്നിലെ ഇന്ത്യൻ അംബാസഡർ പർവ്വതനേനി ഹരീഷ് സഭയില്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണവും അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെ ഗുരുതര ലംഘനമാണെന്നും ഇന്ത്യ വ്യക്തമാക്കി.

സിവിലിയന്മാരെയും തീവ്രവാദികളെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത ഒരു നിലപാട് സിവിലിയൻ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാൻ ധാർമ്മിക അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. ഈ മാസം ആദ്യം പാകിസ്ഥാൻ സൈന്യം ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ മനഃപൂർവ്വം ഷെല്ലാക്രമണം നടത്തിയതായും, ഇത് സാധാരണക്കാരുടെ മരണത്തിന് കാരണമായതായും, ആരാധനാലയങ്ങൾ മനഃപൂർവ്വം ലക്ഷ്യം വച്ചതായും ഇന്ത്യ ചൂണ്ടിക്കാട്ടി.

ക്ഷേത്രങ്ങളും ഗുരുദ്വാരകളും തകര്‍ക്കാന്‍ ലക്ഷ്യമിട്ട പാകിസ്ഥാന്‍ അങ്ങേയറ്റം കപടതയാണ് കൗണ്‍സിലില്‍ കാണിക്കുന്നതെന്നും ഹരീഷ് സഭയില്‍ പറഞ്ഞു. തീവ്രവാദികളേയും സാധാരണക്കാരെയും വേര്‍തിരിക്കാത്ത പാകിസ്ഥാന് സാധാരണക്കാരെക്കുറിച്ച് സംസാരിക്കാന്‍ ഒരു യോഗ്യതയുമില്ല.

ഐക്യരാഷ്ട്ര സഭയിലെ തുറന്ന ചര്‍ച്ചയില്‍ പാകിസ്ഥാന്‍ പ്രതിനിധിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്‍ ഈ മാസം ആദ്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 20ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും 80ലധികം പേര്‍ക്ക് പരിക്കേറ്റെന്നും സുരക്ഷ കൗണ‍സിലിനെ ഇന്ത്യ അറിയിച്ചു.

Related Posts